
കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസംഗം വസ്തുതാവിരുദ്ധമാണെന്ന് വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. പ്രസംഗത്തിനിടെ ഗവര്‍ണറുടെ അടുത്ത് ചെന്ന് തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഇര്‍ഫാന്‍ ഹബീബ് തന്നെ ആക്രമിച്ചെന്ന ഗവര്‍ണറുടെ ആരോപണം തള്ളിയാണ് ഇര്‍ഫാന്‍ ഹബീബ് വിശദീകരണം നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ മുസ്ലീങ്ങള്‍ അഴുക്കുചാലില്‍ കെട്ടിക്കിടക്കുന്ന വെള്ളം എന്ന തരത്തിലൊരു പ്രസ്താവനയും മൗലാന അബ്ദുള്‍ കലാം ആസാദ് പറഞ്ഞിട്ടില്ല. പ്രധാനപ്പെട്ട ഒരു ചടങ്ങില്‍ എന്തിനാണ് ഇത്തരം നുണ ഗവര്‍ണര്‍ പ്രസംഗത്തില്‍ ഉദ്ധരിക്കുന്നത്? തന്നെ ക്രിമിനല്‍ എന്ന് വിളിക്കാം, തന്റെ ഇക്കാലമത്രയുമുള്ള ബഹുമതികളും അംഗീകാരങ്ങളും എല്ലാം സര്‍ക്കാരിന് തിരിച്ചെടുക്കാം. എന്നാലും പൗരത്വ നിയമ ഭേദഗതിയെ അംഗീകരിക്കില്ലെന്ന് ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കുന്നു.
ഗവര്‍ണര്‍ പ്രസംഗത്തില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാം മതത്തിലുള്ളവരല്ലാത്തവര്‍ക്ക് പൂര്‍ണ പൗരത്വം നല്‍കരുതെന്ന വരികളുണ്ടെന്ന് പറഞ്ഞതും അബദ്ധമാണ്. ഖുറാനില്‍ എന്ത് പൗരത്വമാണ്? പൗരത്വമെന്ന ആശയം പോലും ഖുറാന്‍ എഴുതപ്പെട്ട കാലത്ത് വന്നിരുന്നില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തന്നെ അബദ്ധജടിലമായ പ്രസംഗത്തില്‍ തെറ്റുകള്‍ ചുണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്.
തനിക്ക് 88 വയസായെന്നും, ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഗവര്‍ണറെ താന്‍ ആക്രമിക്കുകയോ? ഇത് രണ്ടും കേട്ടാല്‍ തന്നെ ആ പറയുന്നതിന്റെ നുണയെന്തെന്ന് നിങ്ങള്‍ക്ക് ആലോചിച്ചുകൂടേ.. എന്ന് ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു