കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം രണ്ടിന് കൊടിയേറും. രാവിലെ ഒൻപതിനും 10-നും മധ്യേ പി.എം.മുകുന്ദൻ മടയന്റെ സാന്നിധ്യത്തിൽ മാടമനയില്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും. തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യസാധനങ്ങൾ ഉച്ചയ്ക്ക് ശ്രീകോവിലിൽ സമർപ്പിക്കും. മൂന്നിന് മലയിറക്കം. തുടർന്ന് ആചാരപ്രകാരം തയ്യിൽ തറവാട്ടുകാർ ആയോധനകലാ അഭ്യാസത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കും. കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ചവരവുമുണ്ടാകും. സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടം. അന്തിവേലക്ക് ശേഷം കുന്നുമ്മൽ തറവാട്ടിൽനിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും പഞ്ചവാദ്യസഹിതം കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും. മൂന്നിന് പുലർച്ചെ 5.30-ന് തിരുവപ്പന. രാവിലെ 10-ന് വിവിധ ദേശവാസികളായ കാഴ്ചവരവുകാരെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയാക്കും. നാലിന് രാത്രി ഏഴു മുതൽ കലാപരിപാടികൾ. അഞ്ചിന് രാത്രി ഒൻപതിന് കഥകളി. ആറിന് കലശാട്ടത്തോടെ ഉത്സവം കൊടിയിറങ്ങും. ആറിനും ഏഴിനും രാത്രി 10-ന് കഥകളി. ഏഴിന് വൈകുന്നേരം ആറിന് ഗുരുപൂജ അവാർഡ് ജേതാവും കഥകളി കലാകാരനുമായ വെള്ളോറ സുകുമാരനെ ആദരിക്കും. ഉത്സവം കൊടിയിറങ്ങിയതിനുശേഷം എല്ലാദിവസവും തിരുവപ്പനയും വെള്ളാട്ടവുമുണ്ടാകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു