തില്ലങ്കേരി സ്‌കൂളില്‍ മുളയില്‍ തീര്‍ത്ത ഫര്‍ണീച്ചറുകളൊരുക്കി ബാംബു കോര്‍പറേഷന്‍.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: തില്ലങ്കേരി ഗവ. യു പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിലേക്ക് മുള കൊണ്ട് നിര്‍മ്മിച്ച ഫര്‍ണീച്ചറുകളൊരുക്കി സംസ്ഥാന ബാംബു കോര്‍പറേഷന്‍. വ്യവസായ വ്യാപനത്തിന്റെ ഭാഗമായി കോര്‍പറേഷന്‍ നിര്‍മ്മിച്ച ഓഫീസ് ഫര്‍ണീച്ചറുകളുടെ സംസ്ഥാനതല വിതണോദ്ഘാടനം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. കേരളത്തില്‍ ബാംബു കോര്‍പറേഷന്‍ അതിന്റെ പ്രവര്‍ത്തനത്തിലൂടെ ലാഭകരമായി വരികയാണെന്നും കൂടുതല്‍ തൊഴിലാളികളെ കണ്ടെത്തി ജോലി നല്‍കാനുള്ള നടപടി സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഫ്ളോറിംഗ് ഉള്‍പ്പെടെയുള്ള ആധുനിക കാലഘട്ടത്തിന് വേണ്ട ഉല്‍പന്നങ്ങള്‍ മുളകൊണ്ട് ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കോര്‍പറേഷന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1.5 ലക്ഷം വിലവരുന്ന ഫര്‍ണീച്ചര്‍ ഉല്‍പന്നങ്ങളാണ് കോര്‍പറേഷന്‍ സ്‌കൂളിനായി സൗജന്യമായി നല്‍കിയതെന്ന് സംസ്ഥാന ബാംബു കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ ജെ ജേക്കബ് പറഞ്ഞു. വ്യാവസായികാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിലധികമായി കോര്‍പറേഷന്‍ ഫര്‍ണീച്ചറുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് സ്‌കൂള്‍ ഫര്‍ണീച്ചറുകള്‍ നിര്‍മ്മിക്കുന്നത്. മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന മറ്റ് ഫര്‍ണീച്ചറുകളെ അപേക്ഷിച്ച് ഇവ ലാഭകരവും കൂടുതല്‍ കാലം ഈട് നില്‍ക്കുന്നതുമാണ്. സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും കോര്‍പറേഷന്റെ നേതൃത്വത്തില്‍ മുള തൈകളും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. 40 അടി ഉയരത്തില്‍ വളരുകയും നാല് വര്‍ഷം കൊണ്ട് മൂപ്പെത്തുകയും ചെയ്യുന്ന ആസ്പര്‍ മുള ഇനമാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് 1500 ഏക്കര്‍ സ്ഥലത്ത് വിവിധയിനം മുള തൈകള്‍ നട്ടുവളര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കോര്‍പറേഷന്‍. ആറളം ഫാമില്‍ മാത്രം 300 ഏക്കര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് ചടങ്ങില്‍ അധ്യക്ഷനായി. ബാംബു കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എ എം അബ്ദുള്‍ റഷീദ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഷൈമ, സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ രാജന്‍, ഹെഡ്മാസ്റ്റര്‍ കെ മനോഹരന്‍, മറ്റ് ജന പ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പി ടി എ ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha