മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കണം: മന്ത്രി കെ രാജു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മേഖലാ രോഗനിര്‍ണ്ണയ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു കണ്ണൂർ: മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണ-വനംവകുപ്പ് മന്ത്രി കെ രാജു. ഉല്‍പാദന വര്‍ധനവിനോടൊപ്പം രോഗപ്രതിരോധം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ മേഖലാ രോഗനിര്‍ണ്ണയ ലബോറട്ടറി കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും മികച്ച ലബോറട്ടറികളില്‍ ഒന്നായി മലബാര്‍ മേഖലയെ പ്രതിനിധീകരിക്കുന്ന കണ്ണൂര്‍ ലബോറട്ടറിയെ മാറ്റും. കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ നിര്‍ണായക പങ്കാണ് മൃഗസംരക്ഷണ മേഖലക്ക്. കന്നുകാലികളുടെ എണ്ണം ഒരുകാലത്ത് സംസ്ഥാനത്ത് വളരെയധികം കുറഞ്ഞിരുന്നു. 2012 ലെ ദേശീയ സെന്‍സസ് പ്രകാരം 23 ശതമാനം കന്നുകാലികളുടെ എണ്ണം കുറഞ്ഞു. കന്നുകാലി വളര്‍ത്തല്‍ ഉപജീവനമാക്കിയ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ വന്നിട്ടുള്ള പിറകോട്ട് പോക്ക് അവസാനിപ്പിക്കാന്‍ സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും രോഗപ്രതിരോധവും ഉറപ്പാക്കണം. വര്‍ധനവിന്റെ 83 ശതമാനവും കര്‍ഷകന് ലഭിക്കണമെന്ന വ്യവസ്ഥയോടെയാണ് ഒരു ലിറ്റര്‍ പാലിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് പ്രകാരം നാല് രൂപ വര്‍ധനയില്‍ മൂന്ന് രൂപ 35 പൈസ കര്‍ഷകന് ലഭിക്കും. ക്ഷീരമേഖല വീണ്ടും വളര്‍ച്ചയുടെ ദിശയിലാണെന്നാണ് 2019 ലെ പുറത്തുവരാനിരിക്കുന്ന സെന്‍സസ് ഫലം സൂചിപ്പിക്കുന്നത്. ക്ഷീര കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് രോഗനിര്‍ണ്ണയ ലബോറട്ടറികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്. കന്നുകാലികള്‍ക്കും മറ്റു മൃഗങ്ങള്‍ക്കുമുണ്ടാകുന്ന രോഗങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും ഇത്തരം ലബോറട്ടറികളിലൂടെ കഴിയും. പേവിഷബാധയ്ക്കുള്ള മരുന്നുകള്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വെറ്ററിനറി കേന്ദ്രം ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ എത്തിച്ചിട്ടുണ്ട്. നിപ വൈറസ്, പക്ഷിപ്പനി, കുളമ്പ് രോഗം എന്നിവയ്ക്കാവശ്യമായ പരിശോധനയും രോഗനിര്‍ണ്ണയവും കേരളത്തില്‍ തന്നെ നടപ്പാക്കാന്‍ കഴിയണം. ഇതിനായി കുറച്ചുകൂടി മെച്ചപ്പെട്ട സംവിധാനങ്ങള്‍ ലബോറട്ടറികളില്‍ ഒരുക്കും. പാല്‍, മുട്ട, മാംസം എന്നിവയില്‍ സ്വയംപര്യാപ്തത നേടുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. നമുക്കാവശ്യമായ പാലിന്റെ 87 ശതമാനം സംസ്ഥാനം ഉല്‍പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയം ഈ മേഖലയെ ബാധിച്ചിട്ടുണ്ട്. ഇത് അതിജീവിച്ച് മുന്നോട്ട് പോകുകയാണ്. സമീപഭാവിയില്‍ തന്നെ നമുക്കാവശ്യമായ മുഴുവന്‍ പാലും ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കായുള്ള മലബാര്‍ മേഖലയിലെ റഫറല്‍ ലബോറട്ടറിയാണ് കണ്ണൂരില്‍ പ്രവര്‍ത്തന സജ്ജമായത്. ഒരുകോടി ചെലവില്‍ മൈക്രോ ബയോളജി, മോളിക്കുലാര്‍ ബയോളജി, ടോക്‌സിക്കോളജി, പാത്തോളജി, ടെലിപ്പത്തോളജി യൂണിറ്റ് എന്നിവയടങ്ങുന്നതാണ് ലബോറട്ടറി. ജന്തുരോഗനിര്‍ണ്ണയം, രോഗസാധ്യതാ പഠനം എന്നിവയ്ക്ക് പുറമെ പേവിഷബാധ നിര്‍ണ്ണയത്തിനുള്ള ഫ്‌ളൂറസെന്റ് ആന്റിബോഡി പരിശോധനയും ലാബില്‍ ഒരുക്കിയിട്ടുണ്ട്. കന്നുകാലി, പട്ടി, പൂച്ച എന്നിവയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് തലച്ചോറിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പേവിഷബാധ രോഗനിര്‍ണ്ണയം നടത്തും. ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റായ ഫ്‌ളൂറസെന്റ് ആന്റിബോഡി ടെസ്റ്റ് ഉപയോഗിച്ച് സാമ്പിളുകള്‍ പരിശോധിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ പേവിഷബാധ രോഗനിര്‍ണ്ണയ ലബോറട്ടറിയാണ് കണ്ണൂരിലേത്. ജില്ലാ വെറ്ററിനറി കേന്ദ്രം പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ ആരോഗ്യ പരിരക്ഷയും ഉല്‍പാദന ശേഷിയും ആദായവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഗോവര്‍ദ്ധിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേയര്‍ സുമ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. എംകെ പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി വി മുക്ത, ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. സി സിദ്ദിഖ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha