തെയ്യത്തിനായി ചന്തപ്പുരയില്‍ നിര്‍മിക്കുന്നത് അത്യാധുനിക മ്യൂസിയം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഡിപിആര്‍ തയ്യാറായി; നിര്‍മാണം ഉടന്‍ ആരംഭിക്കും കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചന്തപ്പുരയില്‍ തെയ്യത്തിനായി ഒരുങ്ങുന്നത് അത്യാധുനിക രീതിയിലുള്ള മനോഹര മ്യൂസിയമാണെന്ന് തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തെയ്യം മ്യൂസിയത്തിന്റെ ഡിപിആറിനെ അധികരിച്ച് മേഖലയിലെ വിദഗ്ധരുമായി ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേവലം പ്രദര്‍ശന കേന്ദ്രം എന്നതിലുപരി തെയ്യത്തിന്റെ ചരിത്രവും സംസ്‌ക്കാരവും സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കുന്ന തിമാറ്റിക് മ്യൂസിയമാണ് ഇവിടെ ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കിയ 90 സെന്റ് സ്ഥലത്താണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. മ്യൂസിയത്തിന്റെ വിശദ പദ്ധതി രേഖയ്ക്ക് ഒരാഴ്ചയ്ക്കകം അന്തിമ രൂപം നല്‍കും. മ്യൂസിയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ കേരളത്തിന്റെ ചരിത്രവും സംസ്‌ക്കാരവും ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ് തെയ്യമെന്ന അനുഷ്ഠാന കല. തെയ്യത്തെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങളുള്‍ക്കൊള്ളുന്നതായിരിക്കും മ്യൂസിയം. അതോടൊപ്പം വിവിധ തെയ്യങ്ങളെയും തെയ്യവുമായി ബന്ധപ്പെട്ട ആടയാഭരണങ്ങളെയും ചമയങ്ങളെയും നേരിട്ടറിയാനും മ്യൂസിയത്തില്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തെയ്യം എന്ന അനുഷ്ഠാന കലയെ സംരക്ഷിക്കാനും ഭാവി തലമുറക്കായി അതിനെ കരുതിവയ്ക്കാനുമുള്ള വിജ്ഞാന പഠന ഗവേഷണ കേന്ദ്രമാണ് തെയ്യം മ്യൂസിയത്തിലൂടെ ഒരുങ്ങുന്നതെന്ന് എംഎല്‍എ പറഞ്ഞു. തെയ്യം പ്രദര്‍ശനത്തിനോ തെയ്യം കെട്ടല്‍ പരിശീലനത്തിനോ ഉള്ള കേന്ദ്രമായിരിക്കില്ല മ്യൂസിയം. സാധാരണക്കാര്‍ക്ക് തെയ്യത്തിന്റെ അനുഭവം പകര്‍ന്നു നല്‍കുന്നതോടൊപ്പം പഠന- ഗവേഷകണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം നല്‍കുന്നതു കൂടിയായിരിക്കും മ്യൂസിയമെന്നും അദ്ദേഹം വ്യക്തമാക്കി. 16000 ചതുരശ്ര അടിയില്‍ മൂന്ന് നിലകളായാണ് തെയ്യം മ്യൂസിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തെയ്യത്തെ വിശദമായി പരിചയപ്പെടുത്തുന്ന നാല് ഗ്യാലറികള്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ഓഡിറ്റോറിയം, റസ്റ്ററന്റ്, സൊവനീര്‍ ഷോപ്പ്, ലൈബ്രറി, ഡോക്യുമെന്റേഷന്‍ ആന്റ് റെക്കോര്‍ഡ്‌സ് റൂം, അഡ്മിന്‍ ഏരിയ, കോണ്‍ഫറന്‍സ് റൂം എന്നിവ അടങ്ങിയതായിരിക്കും മ്യൂസിയം. സംസ്ഥാന സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരളം മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ പീച്ച് ഫൗണ്ടേഷനാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണന്‍, ഡോ. വൈ വി കണ്ണന്‍, മ്യൂസിയം ചീഫ് അഡൈ്വസര്‍ ടി വി ചന്ദ്രന്‍ മാസ്റ്റര്‍, ഡോ. പി ജെ വിന്‍സെന്റ്, ശില്‍പികള്‍, തെയ്യം കലാകാരന്‍മാര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha