വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം; രക്ഷിതാക്കളില്‍ ബോധവല്‍ക്കരണം ശക്തമാക്കും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്താന്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി തീരുമാനം. മക്കളുടെ കൂട്ടുകെട്ടുകളെ കുറിച്ചും സ്‌കൂള്‍ സമയം കഴിഞ്ഞ് അവര്‍ എവിടേക്കൊക്കെ പോകുന്നു എന്നതിനെ കുറിച്ചും രക്ഷിതാക്കള്‍ ബോധവാന്‍മാരല്ലെന്ന് എഡിഎം പറഞ്ഞു. ഇക്കാര്യത്തില്‍ സ്‌കൂളുകളിലെ രക്ഷാകര്‍തൃ സമിതികളെ ഉപയോഗപ്പെടുത്തി രക്ഷിതാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കണം. ലഹരി വ്യാപനത്തിന് വാട്ട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളെയും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ നിരീക്ഷണം ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ലഹരി, വ്യാജമദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍, കോളേജുകള്‍, ആദിവാസി കോളനികള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലായി നിരവധി പരിപാടികള്‍ എക്സൈസ് വകുപ്പ് സംഘടിപ്പിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷ് അറിയിച്ചു. നാടകങ്ങള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, വിവിധ മത്സരങ്ങള്‍, സിഡി പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയവ വിമുക്തി പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ നടത്തി. ജൂലൈ മാസം നടത്തിയ വിവിധ പരിപാടികളിലായി 1700ലേറെ പേര്‍ പങ്കെടുത്തു. ലഹരി വ്യാപനം തടയുന്നതിനായി 9 മുനിസിപ്പാലിറ്റികള്‍, 71 പഞ്ചായത്തുകള്‍, 1218 വാര്‍ഡുകളില്‍ എന്നിവിടങ്ങളില്‍ കമ്മിറ്റി യോഗം ചേര്‍ന്നതായും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ജൂലൈ മാസം 355 തവണ കള്ളുഷാപ്പുകളിലും അഞ്ച് തവണ വിദേശമദ്യ ഷോപ്പുകളിലും 28 തവണ ത്രീ സ്റ്റാര്‍ ബാര്‍ ഹോട്ടലുകളിലും ആറ് തവണ ബിയര്‍/വൈന്‍ പാര്‍ലറുകളിലും എക്‌സൈസ് വകുപ്പ് പരിശോധന നടത്തി. ഈ കാലയളവില്‍ നടത്തിയ 686 റെയിഡുകളിലായി പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 459 കേസുകളും 98 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തു. 1780 ലിറ്റര്‍ വാഷ്, 274 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 122 ലിറ്റര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യം, 28 ലിറ്റര്‍ ചാരായം, 4 ലിറ്റര്‍ ബിയര്‍, 6.9 കിലോഗ്രാം കഞ്ചാവ്, 110 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, ഏഴ് ഗ്രാം കഞ്ചാവ്, 15 ഗ്രാം എംഡിഎംഎ, ആറ് ഗ്രാം മാക്‌സ്ഗാലിന്‍, 11 ഗ്രാം ആംഫിറ്റോമിന്‍, മൂന്ന് ഗ്രാം ലഹരി ഗുളികകള്‍, 20 വാഹനങ്ങള്‍, അനധികൃതമായി കൈവശം വച്ച 18 ലക്ഷം രൂപ തുടങ്ങിയവ ഈ കാലയളവില്‍ പിടിച്ചെടുത്തതായും പി കെ സുരേഷ് അറിയിച്ചു. ഓണാഘോഷത്തിന്റെ മുന്നോടിയായി എക്‌സൈസ് വകുപ്പ് നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കിയതായും അദ്ദേഹം പറഞ്ഞു. കെ സി ജോസഫ് എംഎല്‍എയുടെ പിഎ കെ ദിവാകരന്‍, എന്‍ പ്രദീപ് കുമാര്‍, കെ വി ജയപ്രകാശ്, പി അബ്ദുല്‍ ഖാദര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha