തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായി മാറേണ്ട ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാലക്കാട് ജില്ലാ ജയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായി മാറേണ്ട ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ജില്ലാ ജയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു തരത്തിലുള്ള പരിരക്ഷയും ലഭിക്കില്ലെന്നും കുറ്റവാളികളെ തെറ്റു തിരുത്തി പുതിയ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മന്തക്കാട് ജില്ലാ ജയലില്‍ നടന്ന ഉദ്ഘാടനത്തില്‍ പട്ടികജാതി - പട്ടികവര്‍ഗ - പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക - പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനായി.

ശിക്ഷാകാലാവധി പൂര്‍ത്തീകരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ എന്നതിലുപരി ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളാവണമെന്നും  കുറ്റവാളികളെ കുറ്റബോധത്തില്‍ തളച്ചിടാതെ അവരെ നല്ലവരാക്കുന്നതിനുള്ള മനശാസ്ത്രം ജയില്‍ ഉദ്യോഗസ്ഥര്‍ സ്വായത്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ നല്ല മനുഷ്യരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു.
ജയിലുകളുടെ ആധുനികവത്ക്കരണവുമായി ബന്ധപ്പെട്ട് കോടതികളെ ജയിലുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 24 കോടി ചെലവില്‍ സംസ്ഥാനത്തെ 54 ജയിലുകളെ കോടതികളുമായി ബന്ധിപ്പിക്കും. കൂടാതെ സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ 2.29 കോടി ചെലവില്‍ ടെട്രോ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതി നിലവില്‍ വരുന്നതോടെ കൂടുതല്‍ കാര്യക്ഷമമായി ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വിവര വിനിമയം നടത്താനാകും. ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി  4.60 കോടി ചെലവില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. പോലീസ് സേനയിലെ ജീവനക്കാരുടെ നിയമനത്തിനുള്ള തടസങ്ങള്‍ പരിഹരിച്ച് പുതിയ ബാച്ചിന്റെ നിയമനം ആഗസ്റ്റ് - സെപ്റ്റംബറില്‍ നടത്തും.
മനുഷ്യാവകാശത്തിന്റെ പേരില്‍ അച്ചടക്കലംഘനം നടത്താനാകില്ലെന്നും ജയിലുകള്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം തടവുകാരുടെ ക്ഷേമത്തിനായി 17.25 കോടിയും ജയിലുകളുടെ നവീകരണത്തിനായി 38.50 കോടിയും ചെലവഴിച്ചിട്ടുണ്ട്. കൂടാതെ ജയിലുകളിലെ സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ജാമര്‍, ബോഡി സ്‌കാനര്‍, ലീനിയര്‍ എമിഷന്‍ ഡിറ്റക്ടര്‍ എന്നിവ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 16.92 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ജയില്‍ കെട്ടിട റിപ്പോര്‍ട്ട്  എറണാകുളം മേഖലാ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സൈജാമോള്‍ എന്‍.ജേക്കബ് അവതരിപ്പിച്ചു. സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മാണം തവനൂരില്‍ പുരോഗതിയില്‍ ആണെന്ന്  പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ.ശാന്തകുമാരി, ജില്ലാ കളക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.രാജന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.സുബ്രഹ്മണ്യന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജി.പ്രസന്ന, കോഴിക്കോട്  ഉത്തരമേഖലാ പ്രിസണ്‍സ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സാം തങ്കയ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha