യാത്രാവിവരണം )മഴകാഴ്ചകൾ കാണാൻ പാടാൻകവല വഴി കാഞ്ഞിരക്കൊല്ലിയിലേക്ക് പോകാം (എഴുത്ത് :AMAL JOY )

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മഴകാഴ്ചകൾ കാണാൻ പാടാൻകവല കാഞ്ഞിരക്കൊല്ലിയിലേക്ക്

പയ്യാവൂർ പിന്നിട്ടതും കാലാവസ്ഥ പയ്യെ പയ്യെ മാറി തുടങ്ങി. വെള്ളവരയൻ റോഡ് നാട്ടുപാതകൾക്ക് വഴിമാറി. എത്തി നോക്കി ഓടിയൊളിക്കുന്ന കോടമഞ്ഞും, ചന്നം പിന്നം പെയ്യുന്ന മഴയും മലമുകളിലെ കാഴ്ചകളിലേക്കുള്ള 'ടീസർ ' ആയിരുന്നു .മഴകാലമെത്തിയതോടെ കുളിരഴക് തിരിച്ചുപിടിച്ച കാഞ്ഞിരക്കൊല്ലിയാണ് ലക്ഷ്യം . ശ്രീ മുത്തപ്പന്റെ ആരൂഢ സ്ഥാനമായ കുന്നത്തൂർ പാടി പിന്നിട്ടു ചെറിയ ടാർ റോഡ് വളഞ്ഞുപുളഞ്ഞു പോകുന്നു. ചെറു ചാലുകളിൽ കരണം മറിഞ്ഞെത്തുന്ന വെള്ളം ഇടംവലം നോക്കാതെ റോഡിനു കുറുകെ പായുന്നുണ്ട് . നട്ടുച്ചയായിട്ടും കോടമഞ്ഞിന്റെ വെളളക്കമ്പിളി പുതച്ചുറങ്ങുകയാണ് പാടാൻകവല..  വഴിയരികിലെ പീടികയിൽ ചായ   കുടിച്ചിരിക്കുന്ന ചേട്ടൻ ചൂടാറ്റാൻ ഗ്ലാസിലേക്ക് നീട്ടിയൂതിയപ്പോൾ മഞ്ഞ് പേടിച്ചു പിൻവാങ്ങുന്നതു പോലെ !

അഴകായ് അളകാപുരി : വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽ വിവരം നൽകി അളകാപുരി വെള്ളച്ചാട്ടത്തിലേക്ക് നടന്നു . പ്രധാന വഴിയിൽ നിന്നും 7 കിലോ മീറ്റർ ദൂരമുണ്ട് . പകുതി ദൂരമെത്തിയപ്പോൾ ചെറുവെള്ളച്ചാട്ടം. 'കണ്ടതു ഗംഭീരം ,കാണാനുള്ളതോ അതി ഗംഭീര'മെന്ന് ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ .നടപ്പു പകുതി ദൂരം പിന്നിട്ടപ്പോഴേക്കും കാടിനകത്തെ വെള്ളച്ചാട്ടത്തിന്റെ മുഴക്കം കാതുകളിലെത്തി . ആവേശത്തോടെ നടന്നെത്തുമ്പോൾ അതാ വനത്തിനുള്ളിലെ പച്ചക്കുടയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നു അളകാപുരി .പടികളിറങ്ങി താഴെ എത്തിയപ്പോഴെക്കും  വെള്ളം വാരി വിതറി മേലാകെ നനച്ചിരുന്നു . 200 മീറ്റർ ഉയരമുള്ള പാറക്കെട്ടിൽ നിന്നും 3 തട്ടുകളായി നുരഞ്ഞു പതഞ്ഞു താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ ആ 'എടുത്തു ചാട്ടം' കാണാൻ തൊട്ടടുത്ത കർണ്ണാടക വനത്തിലെ മരങ്ങൾ  മുകളിൽ നിന്നും എത്തിനോക്കുന്നുണ്ടായിരുന്നു. പിന്നെ കാനനഭംഗി നുകർന്ന് ശാന്തതയോടെയുള്ള ഒഴുക്ക് ,എത്ര കണ്ടാലും മതിവരാത്ത കാഴ്ച തന്നെയാണ് ...
ചാരെയുണ്ട് ശശി പാറ :
അളകാപുരിവെള്ളച്ചാട്ടത്തിൽ നിന്നും തെല്ല കലെ സഞ്ചാരികളെ ആവേശകൊടുമുടി കയറ്റാൻ കാത്തിരിക്കുകയാണ് ശശിപാറ.വെള്ളച്ചാട്ടത്തിൽ നിന്നും 2 കിലോമീറ്റർ ദൂരമേയുള്ളെങ്കിലും അവിടെക്കുള്ള യാത്ര സാഹസികാനുഭവം പകരും . ടാറുണ്ടെങ്കിലും റോഡിലെ കുത്തനെയുള്ള കയറ്റം വാഹനങ്ങൾ 'അള്ളി പിടിച്ചാണ് ' കയറുന്നത് .ഒറ്റയടിക്ക് മുകളിലെത്തിച്ച, വാഹനം ഓടിച്ചവരുടെ മുഖത്ത് 'ചാംപ്യൻ ' ഭാവം💪 ഒന്നിൽ പിഴച്ചവർ താഴേക്ക് റിവേഴ്സിൽ വന്ന് വീണ്ടും ഇരപ്പിച്ചു കയറ്റുന്നു. ടാർ റോഡ് തീരുന്നിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത് സഞ്ചാരികൾ നീങ്ങുന്നു. തോടും റോഡുമായ മൺപാതയിലൂടെ വെള്ളത്തിൽ കാലിട്ടുള്ള നടത്തം തന്നെ ബഹുരസം. ആ വഴി തീരുന്നിടത്തു ശശി പാറയായി. അങ്ങകലെ കുടക് വന നിരകളുടെ ദൂരെ കാഴ്ച്ചകളും ,പശ്ചിമഘട്ട മലനിരകളുടെ നേർ സൗന്ദര്യവും കാണാം. കണ്ണെത്താത്ത ദൂരത്തോളം പച്ചവിരിച്ച താഴ് വരകളിൽ മഴ നൃത്തം ചെയ്യുന്നത് കാണാം. മാനത്തുനിന്നിറങ്ങിയ മേഘങ്ങൾ മലകളെ തൊട്ടുരുമിപോകുന്നു . കാഴ്ചയെ മറച്ചും ,തെളിച്ചും കടന്നു പോകുന്ന കോടമഞ്ഞും  മനസിൽ നിന്നും മായാത്ത കാഴ്ചകളാകുന്നു ...
പ്ലാൻ ചെയ്തു വന്നാൽ കാഞ്ഞിരക്കൊല്ലിയോടൊപ്പം അടുത്ത സ്ഥലങ്ങളായ പൈതൽ മല ,പാലക്കയം തട്ട് എന്നിവ കൂടി കണ്ട് മടങ്ങാം .
താമസ, ഭക്ഷണ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്..... 
Photo Credit : Kanjirakolly
Distance from :
Kannur.          : 65 Km
Thalassery.   : 65 Km

Iritty.               : 25 Km



Taliparamba : 45 Km

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha