മാനം തെളിഞ്ഞപ്പോള്‍ മാനം കാത്ത് ശ്രീലങ്ക; പൊരുതി വീണ് അഫ്ഗാനിസ്ഥാന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാര്‍ഡിഫ്: മഴകളിച്ച കളിയില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 34 റണ്‍സിന്റെ വിജയം. മഴമൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്റെ വിജയലക്ഷ്യം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 187 റണ്‍സായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 152 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ജയിക്കാന്‍ സാധിക്കുമായൊരു മത്സരം കൈവിട്ടതിന്റെ വിഷമത്തിലാകും അഫ്ഗാനിസ്ഥാന്‍. മഴ വില്ലനായി എത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ കളിയുടെ വിധി മറ്റൊന്നാകുമായിരുന്നു.

മഴ മാറിയതിന് ശേഷം മൈതാനത്തെത്തിയപ്പോള്‍ ശ്രീലങ്ക തങ്ങളുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്തിരുന്നു. 201 റണ്‍സായിരുന്നു ലങ്കയുടെ സമ്പാദ്യം. പിന്നീട് വിജയലക്ഷ്യം 187 റണ്‍സായി ചുരുക്കുകയും ചെയ്തു. ഇത് പിന്തുടരാന്‍ ഇറങ്ങിയ അഫ്ഗാന്റെ തുടക്കം ഗംഭീരമായിരുന്നു. ഹസ്‌റത്ത് സസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് അഫ്ഗാന്‍ തുടങ്ങിയത്. എന്നാല്‍ മുഹമ്മദ് ഷെഹ്‌സാദിനെ പുറത്താക്കി സ്‌കോര്‍ 34 ലെത്തി നില്‍ക്കെ മലിംഗ ലങ്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.


പിന്നാലെ വന്ന റഹ്മത്തും ഷഹീദിയും രണ്ടും നാലും റണ്‍സെടുത്തു മടങ്ങി. 30 റണ്‍സുമായി സസലും മടങ്ങിയതോടെ ശ്രീലങ്ക കളിയുടെ നിയന്ത്രണം ഏറ്റെടത്തു. എന്നാല്‍ ഗുലാബ്ദീന്‍ നയ്ബും നജീബുള്ള സദ്രാനും ചേര്‍ന്ന് ഒരിക്കല്‍ കൂടി മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പക്ഷെ 23 റണ്‍സെടുത്ത നയിബിനെ പുറത്താക്കി നുവാന്‍ പ്രദീപ് കൂട്ടുകെട്ട് പൊളിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതാന്‍ ശ്രമിച്ച സാദ്രാന്‍ 43 റണ്‍സെടുത്ത് പുറത്തായതോടെ അഫ്ഗാന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.

നാല് വിക്കറ്റ് നേടിയ നുവാന്‍ പ്രദീപാണ് ലങ്കന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ രണ്ട് റണ്‍സും മുഹമ്മദ് നബി 11 റണ്‍സും മാത്രമാണെടുത്തത്. ലങ്കന്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ അഫ്ഗാന്‍ ശ്രീലങ്കയെ അട്ടിമറിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ബോളിങ് പ്രകടനത്തിലൂടെ ശ്രീലങ്ക തിരികെ വരികയായിരുന്നു. ഇതോടെ ആദ്യ മത്സരത്തില്‍ ഏറ്റുവാങ്ങിയ പരാജയത്തില്‍ നിന്നും ശ്രീലങ്ക തിരികെ വന്നിരിക്കുകയാണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട ശ്രീലങ്ക അഫ്ഗാന് മുന്നില്‍ തകര്‍ന്നടിഞ്ഞിരുന്നു. കുസാല്‍ പെരേര ഒഴികെ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ പെടുന്നനെ ലങ്ക ശരിക്കും ശ്രീലങ്കയായി മാറി. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. അഞ്ച് റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റുകളാണ് വീണത്. ആ വീഴ്ച്ചയില്‍ നിന്നും ഒരിക്കലും തിരിച്ചു വരാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. സ്‌കോര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലിയിലെത്തി നില്‍ക്കെ മഴയും രസം കൊല്ലിയായി എത്തി. 33-ാം ഓവര്‍ എറിഞ്ഞതിന് പിന്നാലെയായിരുന്നു മഴ കാര്‍ഡിഫിന് മുകളില്‍ പെയ്തിറങ്ങിയത്. മഴ മാറിയ ശേഷം കളി 41 ഓവറാക്കി ചുരുക്കുകയായിരുന്നു. എന്നാല്‍ സ്‌കോര്‍ 201 ലെത്തിക്കാനെ ലങ്കയ്ക്ക് സാധിച്ചുള്ളൂ.
Mohammad Nabi, Mohammad Nabi World Cup, Mohammad Nabi three wickets in over, Mohammad Nabi best ODI bowling, Afghanistan vs Sri Lanka, Sri Lanka vs Afghanistan, AFG vs SL, SL vs AFG, Kusal Mendis, Lahiru Thirimanne, Angelo Matthews
കഴിഞ്ഞ മത്സരത്തില്‍ നായകന്‍ ദിമുത്ത് കരുണരത്‌നെയായിരുന്നു ലങ്കയ്ക്കായി ഒറ്റയാള്‍ പോരാട്ടം നയിച്ചത്. ഇന്ന് ആ റോള്‍ ഏറ്റെടുത്തത് കുസാല്‍ പെരേരയായിരുന്നു. നന്നായി തുടങ്ങിയ ശേഷം ദിമുത്ത് പുറത്തായെങ്കിലും തിരിമന്നെയുമൊത്ത് കുസാല്‍ ടീമിനെ മുന്നോട്ട് നയിച്ചു. പക്ഷെ വൈകാതെ തിരിമന്നെയും പുറത്തായി. 25 റണ്‍സാണ് തിരിമന്നെയെടുത്തത്. പിന്നെ അങ്ങോട്ട് കുസാല്‍ ഒറ്റയ്ക്കായിരുന്നു.

കുസാല്‍ മെന്‍ഡിസും തിസര പെരേരയും റണ്‍സ് എടുത്ത് മടങ്ങി. എയ്ഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസില്‍വയും റണ്ണൊന്നും എടുക്കാതേയും മടങ്ങി. അര്‍ധ സെഞ്ചുറി നേടിയ കുസാല്‍ പെരേരയെ റാഷിദ് ഖാനാണ് പുറത്താക്കിയത്. 81 പന്തില്‍ 78 റണ്‍സുമായാണ് കുസാല്‍ പെരേര മടങ്ങിയത്.

സ്പിന്നര്‍ മുഹമ്മദ് നബിയാണ് അഫ്ഗാന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. മധ്യനിരയിലെ നാലു പേരെയാണ് നബി പുറത്താക്കിയത്. ഇതില്‍ മൂന്ന് വിക്കറ്റുകളും പിഴുതത് ഒരോവറിലായിരുന്നു. 22-ാം ഓവറിലാണ് നബി മൂന്ന് പേരെ പുറത്താക്കിയത്. ആകെ നാലു വിക്കറ്റുകളാണ് നബി നേടിയത്. നബിയുടെ കരിയറിലെ ആദ്യ നാല് വിക്കറ്റ് നേട്ടമാണിത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha