ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മത്സരം; എതിരാളി ദക്ഷിണാഫ്രിക്ക

സതാംപ്ടണ്‍: കാത്തിരിപ്പ് കഴിഞ്ഞു, ഇനിയെല്ലാം ഗ്രൗണ്ടില്‍. ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ ബുധനാഴ്ച ആദ്യ മത്സരത്തിനിറങ്ങുന്നു. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം വൈകീട്ട് മൂന്നിന് തുടങ്ങും.
വിശ്രമം കഴിഞ്ഞ് ഇന്ത്യ
പന്ത്രണ്ടാം ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യ മത്സരമാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണ്. ഐ.പി.എല്ലിനും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുമിടയില്‍ ഇടവേള വേണമെന്ന ലോധ സമിതി നിര്‍ദേശമനുസരിച്ചാണ് ഇന്ത്യയുടെ ആദ്യ മത്സരം ഇത്ര നീണ്ടത്. പരിക്കിലായിരുന്ന കേദാര്‍ ജാദവും വിജയ് ശങ്കറുമെല്ലാം സുഖം പ്രാപിച്ചതോടെ ഇന്ത്യന്‍ ടീം പൂര്‍ണസജ്ജമായി. ഏതുതരത്തിലുള്ള ടീം കോമ്പിനേഷനും ഇന്ത്യ തയ്യാറാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പത്രസമ്മേളനത്തില്‍ പറഞ്ഞു. റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച മഴയ്ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
1983-ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയത് ഇംഗ്ലണ്ടിലാണ്. രണ്ടുവര്‍ഷം മുമ്പ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോറ്റതും ഇംഗ്ലണ്ടിലായിരുന്നു. ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ, കിരീട സാധ്യതയുള്ള ടീം എന്ന മേല്‍വിലാസത്തിലാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് പരീക്ഷണം
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിനും തുര്‍ന്ന് ബംഗ്ലാദേശിനോട് 21 റണ്‍സിനും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ജീവന്മരണ പോരാട്ടം.
സ്റ്റെയ്ന്‍ പുറത്ത് പകരം ബ്യൂറന്‍
തോല്‍വിയില്‍ നിരാശരായ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി വെറ്ററന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്നിന്റെ പരിക്കും. തോളെല്ലിന് പരിക്കേറ്റ ഡെയ്ന്‍ സ്റ്റെയ്ന്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് ഉറപ്പായി. മറ്റൊരു പേസ് ബൗളര്‍ ബ്യൂറന്‍ ഹെന്റിക്കസിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) അനുമതി നല്‍കി.
ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനുവേണ്ടി കളിക്കുന്നതിനിടെയാണ് സ്റ്റെയ്നിന് പരിക്കേറ്റത്. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും കളിച്ചില്ലെങ്കിലും സുഖം പ്രാപിക്കുമെന്ന വിശ്വാസത്തിലായിരുന്നു ടീം. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ മറ്റൊരു പേസ് ബൗളര്‍ ലുങ്കി എന്‍ഗിഡിയും ഇല്ലാതാകുന്നതോടെ ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണം ദുര്‍ബലമാകും.
2011, 2015 കോലി തുടങ്ങിയത് സെഞ്ചുറിയോടെ...
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും വിരാട് കോലി തുടങ്ങിയത് സെഞ്ചുറിയോടെയാണ്. 2011-ല്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ കോലി 83 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെനിന്നു. അന്ന് ഇന്ത്യ 87 റണ്‍സിന് ജയിച്ചു. 2015 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരേ 126 പന്തില്‍ 107 റണ്‍സെടുത്തു. മത്സരത്തില്‍ ഇന്ത്യ 76 റണ്‍സിന് ജയിച്ചു.
ടീം ന്യൂസ്
ഏകദിന റാങ്കിങ്ങില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെട്ട ബാറ്റിങ് നിര. ഒപ്പം, ശിഖര്‍ ധവാനും ധോനിയുമുണ്ട്. നാലാം നമ്പറില്‍ ലോകേഷ് രാഹുല്‍ സ്ഥാനമുറപ്പിക്കും. ബൗളര്‍മാരില്‍ ഒന്നാം റാങ്കിലുള്ള ജസ്പ്രീത് ബുംറയ്‌ക്കൊപ്പംം ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെട്ട പേസ് വിഭാഗവും അതിശക്തം. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും നയിക്കുന്ന സ്പിന്‍ വിഭാഗത്തില്‍ ഓള്‍റൗണ്ട് മികവുമായി രവീന്ദ്ര ജഡേജയുമുണ്ട്. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറും.
ഹാര്‍ദിക് എന്തായാലും ഇലവനിലുണ്ടാകും. മൂന്ന് പേസര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ സ്പെഷലിസ്റ്റ് സ്പിന്നറായി ഒരാള്‍ മാത്രമേ ഇലവനിലുണ്ടാകൂ. രണ്ടാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്ത് രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും മത്സരിക്കും. ഇലവനില്‍ രണ്ട് സ്പിന്നര്‍മാര്‍ വേണമെന്ന് തീരുമാനിച്ചാല്‍ ഭുവി, ഷമി എന്നിവരിലൊരാള്‍ പുറത്തിരിക്കേണ്ടിവരും. അപ്പോള്‍ പേസ് വിഭാഗത്തിന് ശക്തി പകരാന്‍ വിജയ് ശങ്കറെ കളിപ്പിക്കാനും സാധ്യതയുണ്ട്.
സാധ്യത ടീം
ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, എം.എസ്. ധോനി, കേദാര്‍ ജാദവ്/ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി/ഭുവനേശ്വര്‍ കുമാര്‍.
ദക്ഷിണാഫ്രിക്ക: ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍) ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, അയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ഡെര്‍, ഡ്യുസ്സെന്‍, ജെ.പി. ഡുമിനി, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, ഡ്വെയന്‍ പ്രിറ്റോറിയസ്, കാഗിസോ റബാഡ, ഇമ്രാന്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു