ഇംഗ്ലണ്ടിന്‌ 150 റണ്ണിന്റെ ജയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photouploads/news/2019/06/315738/s1.jpg

മാഞ്ചസ്‌റ്റര്‍: ലോകകപ്പ്‌ വേദിയില്‍ റെക്കോഡ്‌ മഴ തീര്‍ത്ത്‌ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റന്‍ ഒയിന്‍ മോര്‍ഗന്റെ പെരുങ്കളിയാട്ടം. ബാറ്റേന്തി ക്യാപ്‌റ്റന്‍ കളത്തിലുണ്ടായിരുന്നത്‌ ആകെ 77 മിനിട്ട്‌, നേരിട്ടത്‌: 71 പന്തുകള്‍, നേടിയത്‌ 148 റണ്‍, സ്‌ട്രൈക്ക്‌ റേറ്റ്‌: 208.45, സിക്‌സറുകള്‍: 17, ഫോര്‍: നാല്‌! അഫ്‌ഗാനിസ്‌ഥാന്‍ ബൗളര്‍മാര്‍ക്കെതിരേ മോര്‍ഗന്റെ സംഹാരതാണ്ഡവത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ. 
നിര്‍ദാക്ഷിണ്യമുള്ള 'തല്ലി'ല്‍ അഫ്‌ഗാന്‍ ബൗളര്‍മാര്‍ മാത്രമല്ല, ടീമൊന്നടങ്കം തളര്‍ന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ജയം 150 റണ്ണിന്‌. സ്‌കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട്‌ 50 ഓവറില്‍ ആറുവിക്കറ്റിന്‌ 397, അഫ്‌ഗാനിസ്‌ഥാന്‍ 50 ഓവറില്‍ എട്ടുവിക്കറ്റിന്‌ 247. 
ഒരു ഏകദിന ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തി (17 എണ്ണം)യ താരമെന്ന റെക്കോഡ്‌ സ്വന്തം പേരിലെഴുതിയ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റന്‍ തന്നെയാണു കളിയിലെ കേമന്‍. സിക്‌സറുകള്‍ കൊണ്ടുതന്നെ സെഞ്ചുറി തികയ്‌ക്കാനും മോര്‍ഗനു കഴിഞ്ഞു. 
ഓള്‍ഡ്‌ ട്രാഫോഡില്‍ റെക്കോഡുകള്‍ പലതും കടപുഴക്കിയായിരുന്നു ലോകക്രിക്കറ്റിലെ തലതൊട്ടപ്പന്‍മാരുടെ മിന്നുന്ന ജയം. ഇതില്‍ ഏറ്റവും പ്രധാനം മോര്‍ഗന്റെ 17 സിക്‌സറുകള്‍ തന്നെ. ഇന്ത്യയുടെ രോഹിത്‌ ശര്‍മ, ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്യേഴ്‌സ്, വെസ്‌റ്റിന്‍ഡീസിന്റെ ക്രിസ്‌ ഗെയ്‌ല്‍ എന്നിവര്‍ പങ്കിട്ടിരുന്ന 16 എണ്ണമെന്ന റെക്കോഡാണു വഴിമാറിയത്‌. 
രോഹിത്‌ ശര്‍മ(209) 2013-ല്‍ ഓസ്‌ട്രേലിയക്കെതിരേയും ഡിവില്യേഴ്‌സ്(149) 2015-ല്‍ വെസ്‌റ്റിന്‍ഡീസിനെതിരേയും ക്രിസ്‌ ഗെയ്‌ല്‍ (215) സിംബാബ്‌വേയ്‌ക്കെതിരേയുമാണ്‌ 16 സിക്‌സറുകള്‍ പറത്തിയത്‌. 
മത്സരത്തിലൊട്ടാകെ 25 സിക്‌സുകളാണ്‌ ഇംഗ്ലണ്ട്‌ ബാറ്റ്‌സ്മാന്‍മാര്‍ നേടിയത്‌. ഈവര്‍ഷം ആദ്യം ഗ്രനാഡെയില്‍ വെസ്‌റ്റിന്‍ഡീസിനെതിരേ നേടിയ 24 എണ്ണമെന്ന റെക്കോഡ്‌ പുതുക്കാനും ഇംഗ്ലീഷ്‌ ടീമിനായി. 22 സിക്‌സുകളുമായി മോര്‍ഗനാണ്‌ ഈ ലോകകപ്പില്‍ സിക്‌സെണ്ണത്തില്‍ മുന്നില്‍. ഈവര്‍ഷം തുടക്കത്തില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന അഞ്ചുമത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 39 സിക്‌സറുകള്‍ പറത്തിയ ക്രിസ്‌ ഗെയ്‌ലിന്റെ റെക്കോഡ്‌ ഈ ലോകകപ്പില്‍ മോര്‍ഗന്‍ തിരുത്തുമോയെന്നു മാത്രമാണ്‌ ഇനി അറിയാനുള്ളത്‌. 
57 പന്തില്‍ തന്റെ 13-ാം ഏകദിന സെഞ്ചുറി സ്വന്തമാക്കിയതോടെ ലോകകപ്പിലെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയും ഇംഗ്ലണ്ട്‌ ക്യാപ്‌റ്റനു സ്വന്തം. 2011-ല്‍ ഇംഗ്ലണ്ടിനെതിരേ അയര്‍ലന്‍ഡിന്റ കെവിന്‍ ഒബ്രയാനാണ്‌ ലോകകപ്പിലെ വേഗമേറിയ സെഞ്ചുറി കുറിച്ചത്‌. ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍ ഇംഗ്ലണ്ട്‌ നേടിയ ആറു വിക്കറ്റിന്‌ 397 റണ്ണെന്ന സ്‌കോര്‍ ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ്‌. 
ആശിച്ച തുടക്കം

ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ആതിഥേയര്‍ക്ക്‌ ആശിച്ച തുടക്കമാണ്‌ ഓപ്പണര്‍മാര്‍ സമ്മാനിച്ചത്‌. പരുക്കിനേത്തുടര്‍ന്ന്‌ രണ്ടു മത്സരങ്ങള്‍ നഷ്‌ടമായ ജാസണ്‍ റോയ്‌ക്കു പകരം ജെയിംസ്‌ വിന്‍സായിരുന്നു ജോണി ബെയര്‍സ്‌റ്റോയ്‌ക്കു കൂട്ട്‌. അഫ്‌ഗാന്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ട ഇരുവരും ചേര്‍ന്ന്‌ ടീം സ്‌കോര്‍ 44-ല്‍ എത്തിയപ്പോള്‍ ആദ്യവിക്കറ്റ്‌ വീണു. 31 പന്തില്‍ 26 റണ്‍ നേടിയ വിന്‍സിനെ മുജീബിന്റെ കൈകളിലെത്തിച്ച്‌ ദൗലത്‌ സാദ്രാന്‍ അഫ്‌ഗാന്‌ ആദ്യ ബ്രേക്‌ത്രൂ നല്‍കി.

റൂട്ടിനൊപ്പം ഗിയര്‍ മാറ്റി ബെയര്‍സ്‌റ്റോ

മൂന്നാമനായെത്തിയത്‌ തകര്‍പ്പന്‍ ഫോമിലുള്ള മുന്‍ ക്യാപ്‌റ്റന്‍ ജോ റൂട്ട്‌. ഇതോടെ ഇംഗ്ലണ്ട്‌ ടോപ്‌ ഗിയറിലായി. തകര്‍പ്പന്‍ കളി കെട്ടഴിച്ച ഇരുവരും ബൗളര്‍മാര്‍ക്ക്‌ ഒരവസരവും നല്‍കാതെ തകര്‍ത്താടിയപ്പോള്‍ അഫ്‌ഗാന്‍ പ്രതിരോധത്തിലായി. സ്‌പിന്‍, പേസ്‌ വ്യത്യാസമില്ലാതെ ബൗളര്‍മാര്‍ തല്ലുവാങ്ങിക്കൂട്ടിയതോടെ ഇംഗ്ലീഷ്‌ സ്‌കോര്‍ കുതിച്ചു. 
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി നേടിയ റൂട്ടിനൊപ്പം ചേര്‍ന്ന്‌ 120 റണ്ണിന്റ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ബെയര്‍സ്‌റ്റോ മടങ്ങി. സെഞ്ചുറിയിലേക്കു നീങ്ങിയ ബെയര്‍സ്‌റ്റോ എട്ടുഫോറും മൂന്നു സിക്‌സും അടക്കം 99 പന്തില്‍ 90 റണ്‍ നേടി കൂടാരം കയറി. അഫ്‌ഗാന്‍ ക്യാപ്‌റ്റന്‍ ഗുല്‍ബദീന്‍ നയീബിനായിരുന്നു വിക്കറ്റ്‌. ബെയര്‍സ്‌റ്റോ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട്‌ സ്‌കോര്‍ അപ്പോള്‍ 29.5 ഓവറില്‍ 164 റണ്‍. 
'മാക്‌സിമം' മോള്‍ഗന്‍

പിന്നീടായിരുന്നു ക്യാപ്‌റ്റന്‍ മോര്‍ഗന്റെ ത്രസിപ്പിക്കുന്ന ഇന്നിങ്‌സ്. തനിക്കു മുമ്പേ ക്രീസിലെത്തിയ റൂട്ടിനെ കടത്തിവെട്ടി ക്യാപ്‌റ്റന്‍ മുന്നേറിയപ്പോള്‍ ഇംഗ്ലണ്ട്‌ റെക്കോഡ്‌ സ്‌കോര്‍ എത്തിപ്പിടിക്കുമോയെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയത്‌. സ്‌കോര്‍ 28-ല്‍ നില്‍ക്കെ അഫ്‌ഗാന്‍ ഫീല്‍ഡറുടെ പിഴവിന്‌ അവര്‍ക്കു വലിയ വിലകൊടുക്കേണ്ടിവന്നു. പിന്നീടുവന്ന 45 പന്തില്‍ ഇംഗ്ലണ്ട്‌ കപ്പിത്താന്‍ നേടിയത്‌ 120 റണ്‍! 
അര്‍ധസെഞ്ചുറിയും സെഞ്ചുറിയും കടന്ന്‌ മോര്‍ഗനും തകര്‍പ്പന്‍ ഫോം തുടര്‍ന്ന ജോ റൂട്ടും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ നേടിയത്‌ 189 റണ്‍! 29.5 ഓവറില്‍ തുടങ്ങിയ കൂട്ടുകെട്ട്‌ പിരിച്ചത്‌ 47-ാം ഓവറില്‍! ടീം സ്‌കോര്‍ 353-ല്‍ റൂട്ടും (82 പന്തില്‍ 88), 359-ല്‍ മോര്‍ഗനും മടങ്ങിയെങ്കിലും മൊയിന്‍ അലിയുടെ കടന്നാക്രമണത്തില്‍ ഇംഗ്ലണ്ട്‌ സ്‌കോര്‍ 50 ഓവറില്‍ 397 ലെത്തി. അലി ഒമ്പതു പന്തില്‍ നാലു സിക്‌സും ഒരു ഫോറും അടക്കം 31 റണ്ണുമായും ക്രിസ്‌ വോക്‌സ് ഒരു റണ്ണുമായും പുറത്താകാതെ നിന്നു. ബാറ്റിങ്‌ നിരയില്‍ തിളങ്ങാതെ പോയത്‌ രണ്ടുവീതം റണ്ണെടുത്തു വിക്കറ്റ്‌ കളഞ്ഞ ജോസ്‌ ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും മാത്രം.

ഭയക്കാതെ മറുപടി

ഇംഗ്ലണ്ടിന്റെ പടുകൂറ്റന്‍ സ്‌കോറില്‍ ഭയക്കാതെയായിരുന്നു അഫ്‌ഗാന്റെ മറുപടി. നാലു റണ്ണില്‍ ഓപ്പണര്‍ നൂര്‍ അലി സാദ്രാന്‍ സംപൂജ്യനായി മടങ്ങിയെങ്കിലും മധ്യനിരയുടെ കരുത്തില്‍ അഫ്‌ഗാന്‍ വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത്‌ ഇംഗ്ലണ്ട്‌ ജയമുറപ്പിച്ചു. ക്യാപ്‌റ്റന്‍ ഗുല്‍ബദിന്‍ നയിബ്‌ 28 പന്തില്‍ 37 റണ്ണെടുത്ത്‌ ടീമിനു പ്രചോദനമായി. 100 പന്തില്‍ 76 റണ്ണെടുത്ത ഹഷ്‌മത്തുള്ള ഷഹീദിയാണ്‌ അവരുടെ ടോപ്‌ സ്‌കോറര്‍. 
റഹ്‌മത്ത്‌ ഷാ (74 പന്തില്‍ 46), അസ്‌ഗര്‍ അഫ്‌ഗാന്‍ (48 പന്തില്‍ 44) എന്നിവരാണ്‌ അഫ്‌ഗാന്റെ പ്രധാന സ്‌കോറര്‍മാര്‍. മുഹമ്മദ്‌ നബി (9), നജീബുള്ള സാദ്രാന്‍ (15), റാഷിദ്‌ ഖാന്‍ (8), എന്നിവര്‍ മങ്ങി. ഇക്രാം (3), ദൗലത്ത്‌ (പൂജ്യം) എന്നിവര്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി ആദില്‍ റഷീദ്‌, ജോഫ്രെ ആര്‍ച്ചര്‍ എന്നിവര്‍ മൂന്നും മാര്‍ക്ക്‌ വുഡ്‌ രണ്ടുവിക്കറ്റുമെടുത്തു.

ഓള്‍ഡ്‌ ട്രാഫോഡില്‍ പിറന്ന റെക്കോഡുകള്‍

ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍: ആറു വിക്കറ്റിന്‌ 397. 
ലോകകപ്പിലെ നാലാമത്തെ വേഗമേറിയ 
സെഞ്ചുറി (ഒയിന്‍ മോര്‍ഗന്‍- 57 പന്തില്‍). 
ഏകദിനത്തില്‍ ഒരു ടീം നേടിയ കൂടുതല്‍ 
സിക്‌സറുകള്‍-25, ഇംഗ്ലണ്ട്‌. 
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ 
വഴങ്ങിയ ബൗളര്‍- റാഷിദ്‌ ഖാന്‍, ഒമ്പത്‌ 
ഓവറില്‍ വിക്കറ്റില്ലാതെ 119 റണ്‍. 
ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 
സിക്‌സുകള്‍ വഴങ്ങിയ ബൗളര്‍- 
റാഷിദ്‌ ഖാന്‍- 11 എണ്ണം. 
ഓള്‍ഡ്‌ ട്രാഫോഡിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍: ആറു വിക്കറ്റിന്‌ 397 റണ്‍, ഇംഗ്ലണ്ട്‌.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha