പാലക്കാട് ശ്രീകണ്ഠൻ പിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2019/05/310127/mb-rajesh-mp.jpg

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി വന്‍ തിരിച്ചടിയേറ്റ സിപിഎമ്മിന് തോല്‍വിയുടെ ആഘാതത്തേക്കാള്‍ ഞെട്ടിക്കുന്നത് ഉറച്ച കോട്ടകളിലെ വീഴ്ചകള്‍. ശബരിമല വിഷയത്തിനൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ എതിര്‍പാളയത്തേക്ക് മറിഞ്ഞപ്പോള്‍ പാലക്കാട് എം ബി രാജേഷിന്റെ പരാജയം പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകരെ ഇരുത്തി ചിന്തിപ്പിക്കുന്നു. പാലക്കാട്ട് എംബി രാജേഷിനെ അട്ടിമറിച്ച് വി കെ ശ്രീകണ്ഠന്‍ നേടിയ വിജയം യുഡിഎഫ് കാരെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ 105300 വോട്ടുകളുടെ ഭുരിപക്ഷത്തില്‍ വിജയിച്ച എംബി രാജേഷ് ഇത്തവണ കോണ്‍ഗ്രസിന്റെ വി കെ ശ്രീകണ്ഠനോട് 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത്. യുഡിഎഫുകാര്‍ക്ക് പോലും കൃത്യമായി മനസ്സിലാക്കിയിട്ടില്ലാത്ത തോല്‍വിയുടെ കാരണം തേടി നെട്ടോട്ടമോടുകയാണ് എല്‍ഡിഎഫ് വിദഗ്ദ്ധര്‍. കഴിഞ്ഞ തവണ 45 ശതമാനം വോട്ടുകള്‍ നേടിയ രാജേഷ് ഇത്തവണ 41 ശതമാനം വോട്ടുകളെങ്കിലും നേടുമെന്നാണ് അവര്‍ കരുതിയത്.

പാലക്കാട് മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും എംബി രാജേഷിനൊപ്പമാണ് നിന്നതെങ്കിലും ശ്രീകണ്ഠനെ അനുകൂലിച്ച പ്രദേശങ്ങളിലെ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും നിര്‍ണ്ണായകമായി. പട്ടാമ്പി, മണ്ണാര്‍കാട്, പാലക്കാട് പ്രദേശങ്ങളിലെ വോട്ടാണ് വിധി നിര്‍ണ്ണയിച്ചത്. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കൊങ്കാട്, മലമ്പുഴ എന്നിവിടങ്ങള്‍ രാജേഷിനൊപ്പം നിന്നെങ്കിലും ഈ നാലു മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടിനെ മറിക്കാന്‍ തക്ക വിധമുള്ള ഭുരിപക്ഷം ബാക്കി മൂന്ന് പ്രദേശങ്ങള്‍ ചേര്‍ന്ന് ശ്രീകണ്ഠന് നല്‍കുകയായിരുന്നു.

പട്ടാമ്പി, മണ്ണാര്‍കാട് മണ്ഡലങ്ങള്‍ നല്ല രീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തുണയ്ക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ന്യൂനപക്ഷ വോട്ടുകള്‍ സാധാരണഗതിയില്‍ ഇരു മുന്നണിക്കും കിട്ടുമായിരുന്നെങ്കിലും എല്‍ഡിഎഫിനെ കുറച്ചധികം വോട്ടുകള്‍ കൂടുതല്‍ കിട്ടുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് കുത്തനെ ഒഴുകി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണ് ഇതിന് ഒരു കാരണം. വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനെത്തിയത് മദ്ധ്യ വടക്കന്‍ കേരളത്തില്‍ പ്രതിഫലിച്ചു. രാഹുലിന്റെ സാന്നിദ്ധ്യം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ശ്രീകണ്ഠന്‍ ലീഡ് നിലനിര്‍ത്തി എന്നത് മണ്ഡലത്തിലെ യുഡിഎഫ് ആധിപത്യമാണ് സൂചിപ്പിച്ചത്. സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും ഭരണവിരുദ്ധ വികാരം ന്യൂനപക്ഷങ്ങളെ യുഡിഎഫിന് വോട്ടുചെയ്യാന്‍ പ്രേരിതമാക്കിയെന്നാണ് വിലയിരുത്തല്‍.

സിപിഎമ്മിന്റെ ഉരുക്കു കോട്ടകളില്‍ പോലും ഒരുഘട്ടത്തിലും രാജേഷിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞില്ല. സിപിഎമ്മിന്റെ നിയമസഭ മണ്ഡലങ്ങളില്‍ പോലും യുഡിഎഫിന്റെ ഇടിച്ചു കയറ്റം ഉണ്ടായി. പട്ടാമ്പിയില്‍ നിന്നും 17,000 വോട്ടുകളുടെ വ്യത്യാസമാണ് ശ്രീകണ്ഠനും എംബി രാജേഷും തമ്മില്‍ വന്നത്. മണ്ണാര്‍കാട് അത് 30,000 ആയിരുന്നു. പാലക്കാട് 4000 വോട്ടുകളുടെ വ്യത്യാസവും ഉണ്ടായി. മറുവശത്ത് ഷൊര്‍ണൂറില്‍ ശ്രീകണ്ഠനേക്കാള്‍ 11,000 വോട്ടുകളാണ് രാജേഷിന് കൂടുതല്‍ കിട്ടിയത്. ഒറ്റപ്പാലത്ത് 6000 വോട്ടുകള്‍ രാജേഷ് കൂടുതല്‍ നേടിയപ്പോള്‍ കൊങ്കാട് 400 വോട്ടുകളും മലമ്പുഴയില്‍ 23,000 വോട്ടുകളുടെ വ്യത്യാസവുമായിരുന്നു നേടാനായത്.

ശ്രീകണ്ഠന്റെ സമാനതകളില്ലാത്ത ജനകീയതയാണ് ഇടതു സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായ മറ്റൊരു ഘടകം. കോണ്‍ഗ്രസിന്റെ ജനകീയ മുഖമായ ശ്രീകണ്ഠന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥി എന്ന യുഡിഎഫ് വിലയിരുത്തല്‍ കൃത്യമാകുകയും ചെയ്തു. നേരത്തേ പാലക്കാട്ടെ 40 ഡിഗ്രി സെല്‍ഷ്യസ് കൊടുംചൂടും അവഗണിച്ച് ശ്രീകണ്ഠന്‍ നടത്തിയ പദയാത്ര ജില്ലയില്‍ വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലും 25 ദിവസങ്ങളിലായി ജയ്‌ഹോ യാത്രയില്‍ കാല്‍നടയാത്ര നടത്തി. 361 കിലോമീറ്റര്‍ ദൂരമാണ് പ്രചരണാര്‍ത്ഥം നടന്നത്. ജയ്‌ഹോ എന്നുപേരിട്ട യാത്ര ഉറങ്ങിക്കിടന്ന കോണ്‍ഗ്രസിന് പാലക്കാട്ട് നവയൗവനമാണ് നല്കിയത്. കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗത്തിന് തുടക്കത്തിലെ വഴിയൊരുക്കിയ ശബരിമല വിഷയവും ശ്രീകണ്ഠന് ഗുണകരമായി.

രാജേഷിന്റെ വിജയം എക്‌സിറ്റ്‌പോളുകള്‍ പോലും പ്രവചിച്ചിരുന്നു. എന്നാല്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിച്ചെങ്കിലും അത് പോയത് ബി.ജെ.പിയിലേക്ക് ആയിരുന്നില്ല. പകരം യുഡിഎഫിലേക്കായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വോട്ട് ബാങ്കായി നിന്നിരുന്ന ഈഴവ വിഭാഗം ഇത്തവണ തിരിച്ചു കുത്തിയതിന് കാരണവും ശബരിമല തന്നെയാണ്. പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ശബരിമല വികാരം ആളിക്കത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും രാജേഷിനെതിരായ വികാരം ഉയര്‍ന്നിരുന്നു. പികെ ശശിയുടെ വിവാദ വിഷയത്തില്‍ രാജേഷ് എടുത്ത നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരു പോലെ എതിര്‍പ്പും ഉണ്ടായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha