സി.ഒ.ടി നസീർ വധശ്രമക്കേസ്: രണ്ട് പേർ അറസ്റ്റിൽ.
കണ്ണൂരാൻ വാർത്ത

തലശേരി : വോട്ടെണ്ണൽ ദിവസത്തിനായുള്ള കാത്തിരിപ്പിനിടയിൽ വടകര പാർലിമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം. മുൻ പ്രാദേശിക നേതാവുമായ സി.ഒ.ടി.നസീറിനെ (37) ഇരുമ്പുവടി കൊണ്ട് തലക്കടിച്ചും കത്തി ഉപയോഗിച്ച് കൈക്കും വയറിനും കുത്തിയും പരിക്കേൽപിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ രണ്ട് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കൊളശ്ശേരി കളരിമുക്ക് സ്വദേശി സോജിത്ത് (24) പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് (20) എന്നിവരെയാണ് സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ ഹരിഷ് കുമാർ അറസ്റ്റ് ചെയ്തത്.പ്രതികളെ അക്രമം നടന്ന കായ്യത്ത് റോഡിലെ സ്ഥലത്ത് ഇന്ന് ഉച്ചയോടെ അതീവ രഹസ്യമായി എത്തിച്ചു തെളിവെടുത്തു. രണ്ടാഴ്ച മുൻപ് ഇക്കഴിഞ്ഞ മേയ് 11ന് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സി.പി.എം വിമതനും തലശ്ശേരി നഗരസഭാ മുൻ കൌൺസിലരുമായ നസീറിന് നേരെ അക്രമം നടന്നിരുന്നത്. സുഹൃത്ത് നൌറീഷുമൊത്ത് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിനിടെ പൾസർ ബൈക്കിൽ നഗരത്തിൽ നിന്നും പിന്തുടർന്ന മൂന്നംഗ സംഘം വണ്ടിയിൽ നിന്നും നസീറിനെ തള്ളി വീഴ്ത്തി ആക്രമിക്കുകയായിരുന്നു. കായ്യത്തെ കനക് റസിഡൻസി വരാന്തയിൽ വച്ചാണ് കുത്തി പരിക്കേൽപ്പിച്ചത്. ഇപ്പോൾ അറസ്റ്റിലായ ഇരുവരും സി.പി.എം അനുഭാവികളാണ്. അക്രമത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ജില്ലസിക്രട്ടറി എം.വി.ജയരാജൻ അറിയിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നസീറുള്ളത്. എം.വി.ജയരാജൻ, പി.ജയരാജൻ, നിയുക്ത എം.പി കെ.മുരളീധരൻ എം.എൽ.എ, അഡ്വ.എ.എൻ.ഷംസീർ എം.എൽ.എ. സി.പി.എം. തലശ്ശേരി ഏറിയാസിക്രട്ടറി എം.സി.പവിത്രൻ തുടങ്ങിയ നേതാക്കൾ ആശുപത്രിയിലെത്തി ഇതിനകം നസീറിനെ സന്ദർശിച്ചിരുന്നു. ഇതിനിടെ ഇപ്പോൾ അറസ്റ്റിലായ അശ്വന്ത് അക്രമത്തിൽ നേരിട്ട് പങ്കാളിയായ പ്രതിയാണെന്ന് പോലീസിൽ നിന്നും വിവരം ലഭിച്ചു. ഇയാളുടെ വീട്ടിൽ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തതായും അറിയുന്നു. സോജിത്തിനെതിരെ ഗൂഡാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത