മോദിയുടെ സത്യപ്രതിജ്ഞ ഇന്ന്. ചടങ്ങുകൾ രാത്രി ഏഴുമണിയോടെ മന്ത്രിസഭാ അംഗങ്ങളെ ഇന്ന് അറിയാം. ഡൽഹിയിൽ വി ഐ പി നിരയെത്തും
കണ്ണൂരാൻ വാർത്ത

മോഡിയുടെ അധികാരത്തുടര്‍ച്ചയ്ക്ക് ഇന്ന് തുടക്കം, സത്യപ്രതിജ്ഞ വൈകിട്ട് ; അരുണ്‍ ജയ്റ്റ്‌ലി ഒഴിവായി, ഘടകകക്ഷികള്‍ക്കും പ്രാതിനിധ്യം 

uploads/news/2019/05/311499/modi.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രിപദത്തില്‍ നരേന്ദ്ര മോഡിയുടെ അധികാരത്തുടര്‍ച്ചയ്ക്ക് ഇന്നു തുടക്കം. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ ഇന്നു െവെകിട്ട് ഏഴിനാണു സത്യപ്രതിജ്ഞാചടങ്ങ്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലെത്തുമോ എന്ന ചോദ്യത്തിന് ഇന്നേ ഉത്തരമാകൂ. ഇന്നലെ നടന്ന മോഡി - ഷാ മാരത്തണ്‍ ചര്‍ച്ചയിലായിരുന്നു തീരുമാനങ്ങള്‍.

''അമൂല്യ വജ്രം'' എന്നു മോഡി വിശേഷിപ്പിച്ചിരുന്ന അരുണ്‍ ജയ്റ്റ്‌ലി പുതിയ മന്ത്രിസഭയില്‍ ഉണ്ടാകില്ല. ചികിത്സയില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ ഔദ്യോഗിക ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് അദ്ദേഹം പ്രധാനമന്ത്രിക്കു കത്തു നല്‍കി. ജീവിതം ഗംഗയ്ക്കു സമര്‍പ്പിക്കുകയാണെന്നു പ്രഖ്യാപിച്ച ഉമാഭാരതിയും വിട്ടുനില്‍ക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ ജനപ്രിയ മുഖമായിരുന്ന സുഷമാ സ്വരാജ് മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്നു വ്യക്തമല്ല. ആരോഗ്യകാരണങ്ങളാല്‍ അവര്‍ മത്സരിക്കുകയോ പ്രചാരണത്തിന് ഇറങ്ങുകയോ ചെയ്തിരുന്നില്ല. പശ്ചിമ ബംഗാളടക്കം ബി.ജെ.പിക്കു രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നതില്‍ നിര്‍ണായകമാകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ അമിത് ഷാ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന അഭിപ്രായം ശക്തമാണ്. മന്ത്രിയാകുന്നപക്ഷം, ഡല്‍ഹിയിലെ അധികാരകേന്ദ്രമായ റെയ്‌സിനാ ഹില്‍സ് ആസ്ഥാനമായ ധനം, ആഭ്യന്തരം, പ്രതിരോധം വകുപ്പുകളിലൊന്നു വഹിക്കും. ജെ.പി. നഡ്ഡയോ ധര്‍മേന്ദ്ര പ്രധാനോ പാര്‍ട്ടിയധ്യക്ഷനാകും.

നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, പീയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, മുഖ്താര്‍ അബ്ബാസ് നഖ്‌വി, പ്രകാശ് ജാവ്‌ദേക്കര്‍, സുരേഷ് പ്രഭു, സദാനന്ദ ഗൗഡ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ തുടങ്ങിയവര്‍ പ്രമുഖ വകുപ്പുകളുമായി കാബിനറ്റിലുണ്ടാകും. ബി.ജെ.പി. മുന്‍ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ് സിങ്ങിനെ ലോക്‌സഭാ സ്പീക്കറായും പരിഗണിക്കുന്നുണ്ട്. സുഷമയില്ലെങ്കില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയാകും വിദേശകാര്യ മന്ത്രാലയത്തിലെത്തുക.

ബി.ജെ.പി. ചുവടുറപ്പിക്കുന്ന പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മന്ത്രിസഭയില്‍ സവിശേഷ പ്രാധാന്യം ലഭിക്കും. ശിവസേന, ജെ.ഡി.യു. എന്നിവര്‍ക്കു രണ്ടു മന്ത്രിപദമുണ്ടാകും. ശിവസേന, എല്‍.ജെ.ഡി, അപ്‌നാ ദള്‍, എ.ഡി.എം.കെ. എന്നിവര്‍ക്കും പ്രാതിനിധ്യമുണ്ടാകും. രാഷ്ട്രീയത്തിനപ്പുറത്തുനിന്ന്, കാര്‍ഷിക സാമ്പത്തിക വിദഗ്ധനായ അശോക് ഗുലാത്തി പരിഗണനയിലുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് ഇനിയും നിര്‍ണായക പദവിയിലുണ്ടാകും.

യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിമാരായ നിതീഷ് കുമാര്‍, അരവിന്ദ് കെജ്‌രിവാള്‍, കെ. ചന്ദ്രശേഖര റാവു തുടങ്ങിയവരെത്തും. പശ്ചിമ ബംഗാളില്‍ തൃണമൂലിന്റെ കൊലപാതക രാഷ്ട്രീയത്തിന് ഇരയായ ബി.ജെ.പി. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനില്‍ക്കും. സത്യപ്രതിജ്ഞയ്ക്കു മുമ്പായി നരേന്ദ്ര മോഡി രാജ്ഘട്ടില്‍ ഗാന്ധിസമാധിയിലും ''സെദെവ് അടല്‍'' വാജ്‌പേയി സമാധിയിലും ഇന്ത്യാ ഗേറ്റിനു സമീപം പണികഴിപ്പിച്ച ദേശീയ യുദ്ധസ്മാരകത്തിലും പ്രണാമമര്‍പ്പിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത