
സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാന നിമിഷം ജനതാദള്‍ യുണൈറ്റഡ് മന്ത്രിസഭയില്‍ നിന്ന് പിന്മാറി. പാര്‍ട്ടിക്ക് അനുവദിച്ച മന്ത്രിമാരുടെ എണ്ണത്തിലാണ് ജെ.ഡി.യുവിന്റെ അതൃപ്തി. നാടകീയമായാണ് സുഷമ സ്വരാജും മന്ത്രിസഭയില്‍ നിന്ന് ഒഴിവായത്.
ഒരു കാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിമാരും ഉള്‍പ്പെടെ മൂന്ന് മന്ത്രിപദമാണ് ജെ.ഡി.യു ആവശ്യപ്പെട്ടത്. കിട്ടിയതാകട്ടെ ഒരു കാബിനറ്റ് പദവിയും. പാര്‍ട്ടി പ്രതിനിധിയായി ആര്‍.സി.പി സിങിന് പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിലേക്ക് ക്ഷണം ലഭിച്ചു. എന്നാല്‍ സല്‍ക്കാരത്തിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.
തങ്ങളുടെ നിര്‍ദേശങ്ങളൊന്നും അംഗീകരിക്കപ്പെടാത്തതിനാല്‍ മന്ത്രിസഭയില്‍ ചേരുന്നില്ലെന്നും എന്‍.ഡി.എയില്‍ തുടരുമെന്നും ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ തന്നെ ഡല്‍ഹിയിലെത്തി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും ഇക്കാര്യത്തില്‍ ധാരണയാവാന്‍ കഴിയാത്തത് പുതിയ സര്‍ക്കാരിന് കല്ലുകടിയായി.
സുഷമ സ്വരാജ് മന്ത്രിസഭയിലുണ്ടാകുമെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ പ്രധാനമന്ത്രിയുടെ വസതിയിലെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതിരുന്നതോടെ ഇക്കാര്യത്തില്‍ അനിശ്ചിതത്വമായി. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സുഷമ നിയുക്തമന്ത്രിമാരുടെ വേദിയില്‍ ഇരിക്കാതെ സദസ്സില്‍ ഇടം പിടിച്ചതോടെ അവര്‍ മന്ത്രിസഭയിലില്ലെന്ന് ഉറപ്പായി. വാജ്പേയ് സര്‍ക്കാരിന്റെ കാലം തൊട്ട് ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിരുന്ന സുഷ്മ കഴിഞ്ഞ സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് മന്ത്രിയായി തിളങ്ങിയതോടെ ജനകീയ മന്ത്രിയായി മാറി. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുഷമ അക്കാരണത്താലാണ് മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു