മഴ കാത്ത് മലയോരം :കുടിവെള്ള ക്ഷാമം രൂക്ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ:മഴ വൈകിയതോടെ മലയോരത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. കിണറുകളും കുളങ്ങളും നീരുറവകളും വറ്റി വരണ്ടതോടെ ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്.

രണ്ടാഴ്ച മുൻപ് ലഭിച്ച മഴ കുടിവെള്ള ക്ഷാമത്തിന് ചെറിയ ശമനം വരുത്തിയിരുന്നു. പക്ഷേ, തുടർന്നുണ്ടായ ശക്തമായ വരൾച്ച പ്രതിസന്ധി രൂക്ഷമാക്കി. മഴമേഘങ്ങൾ ഒളിച്ചുകളിക്കുന്നതല്ലാതെ മഴ പെയ്യുന്നില്ല. കുടിക്കാനും കുളിക്കാനും വളർത്തുമൃഗങ്ങൾക്ക് നൽകാനും വെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.


മലയോരത്തെ പ്രധാന ജലസ്രോതസ്സുകളായ ഓലികളിലും വെള്ളമില്ല. മലമുകളിൽ പലയിടത്തുമുള്ള ഉറവകളിൽനിന്ന് പൈപ്പിട്ടാണ് പലരും വെള്ളമെടുത്തിരുന്നത്. ഇവയും വറ്റിവരണ്ടു. വർഷങ്ങളായി ജലസമൃദ്ധമായിരുന്ന കിണറുകളും ഇത്തവണ വറ്റിപ്പോയി. കിണറുകളുടെ ആഴംകൂട്ടി നോക്കിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. ഭൂഗർഭ ജലനിരപ്പ് ഓരോ വർഷവും അടിക്കടി താഴുകയാണ്.

ജലനിധി പദ്ധതിയിൽനിന്ന് ഉള്ള ജലവിതരണവും മുടങ്ങിയ സ്ഥിതിയാണ്. വെള്ളമില്ലാത്തതിനാൽ പമ്പിങ്‌ മുടങ്ങിയതോടെ ജല വിതരണം നിലച്ചു. ചെറുപുഴ പഞ്ചായത്തിലെ പ്രധാനപ്പെട്ട ജല സ്രോതസ്സുകളായ കാര്യങ്കോട് പുഴയിലും തിരുമേനി തോട്ടിലും ഒഴുക്ക് നിലച്ചിട്ട് ഒരു മാസത്തിലേറെയായി. അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണുള്ളത്. കർണാടക വനത്തിൽ പെയ്ത മഴയിൽ കാര്യങ്കോട് പുഴയിൽ ചെറിയ നീരൊഴുക്കുണ്ടായെങ്കിലും ഇപ്പോൾ അതും നിലച്ചു. മഴ വൈകുന്തോറും സ്ഥിതി രൂക്ഷമാവുകയാണ്. ജലക്ഷാമം രൂക്ഷമായ ഇടങ്ങളിൽ കുടിവെള്ള വിതരണം ഉടനെ ആരംഭിക്കേണ്ട സ്ഥിതിയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha