ഇരുപതിൽ പത്തൊൻപതു മണ്ഡലങ്ങളും നേടി യു ഡി എഫ്. ആശ്വാസം ആലപ്പുഴ .. തെറ്റുകൾ തിരുത്തി വരുമെന്ന് കോടിയേരി ഇടതുപക്ഷത്തിന്റെ അഹന്തക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പെന്ന് മുല്ലപ്പള്ളി. വോട്ടുകൾ ഭിന്നിക്കപ്പെട്ടുവെന്നു ബി. ജെ പി. അടിയൊഴുക്കിൽ അടി പതറി ചെറുകിട പാർട്ടികൾ,സമ്പൂർണ്ണ റിപ്പോർട്ട്
കണ്ണൂരാൻ വാർത്ത


uploads/news/2019/05/310245/k4.jpg

തിരുവനന്തപുരം : കേരളത്തില്‍ യു.ഡി.എഫിന്റെ സമഗ്രാധിപത്യം. ഇടതുനിരയില്‍ വിജയം കണ്ടത്‌ ആലപ്പുഴയില്‍ മത്സരിച്ച എ.എം. ആരിഫ്‌ മാത്രം. പ്രചാരണത്തില്‍ ബി.ജെ.പി. ത്രികോണ മത്സരത്തിന്റെ പ്രതീതിയുയര്‍ത്തിയെങ്കിലും അത്‌ ഒരിടത്തുപോലും വോട്ടായില്ല. കളത്തിലിറങ്ങിയ സിറ്റിങ്‌ എം.എല്‍.എമാരില്‍ നാലു പേര്‍ ലോക്‌സഭയിലേക്ക്‌. അഞ്ചു പേര്‍ പരാജയപ്പെട്ടു. 
ശബരിമല വിഷയത്തിലെ ഇടതുവിരുദ്ധ വികാരവും ന്യൂനപക്ഷകേന്ദ്രീകരണവും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്‌ഥാനാര്‍ഥിത്വവും യു.ഡി.എഫിന്‌ അപ്രതീക്ഷിത മേഖലകളിലും വിജയമൊരുക്കി. ദേശീയതലത്തില്‍ വീണ്ടും തിരിച്ചടി നേരിട്ട കോണ്‍ഗ്രസിനു താങ്ങാകാനും കുടുംബകോട്ടയായ അമേഠിയില്‍ പരാജയപ്പെട്ട രാഹുലിനെ ലോക്‌സഭയിലെത്തിക്കാനും കേരളത്തിനു കഴിഞ്ഞു. വയനാട്ടില്‍ റെക്കോഡ്‌ ഭൂരിപക്ഷവും നല്‍കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത്‌ ഇ. അഹമ്മദ്‌ നേടിയ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണു 4,31,195 ലക്ഷം വോട്ട്‌ ഭൂരിപക്ഷത്തില്‍ രാഹുല്‍ മറികടന്നത്‌. ഒന്‍പത്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഒന്നിനും ഒന്നര ലക്ഷത്തിനുമിടയിലാണ്‌. അഞ്ചുപേരുടെ ഭൂരിപക്ഷം 50,000 പിന്നിട്ടു. ശേഷിക്കുന്ന വിജയികളില്‍ ബാക്കിയുള്ളവരില്‍ രണ്ടുപേര്‍ക്കൊഴികെ 20,000 നു മുകളില്‍ ഭൂരിപക്ഷമുണ്ട്‌. ആലപ്പുഴയിലെ എ.എം. ആരിഫിനാണ്‌ ഭൂരിപക്ഷം ഏറ്റവും കുറവ്‌ - 9,036 വോട്ട്‌. 
പാലക്കാട്‌, ആറ്റിങ്ങല്‍, കാസര്‍ഗോഡ്‌, വടകര, ആലത്തൂര്‍ സീറ്റുകളിലെ പരാജയം സി.പി.എമ്മിനു വലിയ തിരിച്ചടിയായി. കരുത്തനായ പി. ജയരാജന്റെ പരാജയവും കൊല്ലത്ത്‌ എന്‍.കെ. പ്രേമചന്ദ്രന്റെ വിജയവും സി.പി.എമ്മിനു മുഖത്താണു കൊണ്ടത്‌. സി.പി.എമ്മിന്റെ സിറ്റിങ്‌ എം.എല്‍.എമാര്‍ക്കു നല്ല പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ പോലും കഴിഞ്ഞില്ല. 2004-ല്‍ 18 സീറ്റ്‌ നേടിയ ഇടതുമുന്നണിക്കു യു.ഡി.എഫിന്റെ മധുര പ്രതികാരം. 
ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫില്‍ കേന്ദ്രീകരിക്കപ്പെട്ടതും ശബരിമല വികാരത്തില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷവോട്ടുകള്‍ ചിതറിപ്പോയതും ബി.ജെ.പിയെ ഞെട്ടിച്ചു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തിരുവനന്തപുരത്തു കുമ്മനം രാജശേഖരന്‍ പ്രതീക്ഷ നല്‍കി. തൊട്ടുപിന്നാലെ ലീഡ്‌ സ്വന്തമാക്കിയ ശശി തരൂരിനു തിരിഞ്ഞുനോട്ടമുണ്ടായില്ല. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തായി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത