തൃശ്ശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ എസ്ഡിപിഐ പിന്തുണച്ചത് യുഡിഎഫിനെ.
കണ്ണൂരാൻ വാർത്ത

കോഴിക്കോട്: തൃശ്ശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ. എൽഡിഎഫിനുണ്ടാകുന്ന തിരിച്ചടിയുടെ കാരണം എസ്ഡിപിഐയുടെ തലയിൽ കെട്ടിവെച്ച് സിപിഎമ്മിന് തലയൂരാനാകില്ല. എസ്ഡിപിഐയുടെ മേൽ തീവ്രവാദത്തിന്റെ ലേബലൊട്ടിച്ച് പ്രസ്താവനകൾക്ക് എരിവും പുളിയും നൽകാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.യാഥാർഥ്യങ്ങളുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം തൂത്തെറിയപ്പെടാൻ കാരണമായത്. ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന ആശങ്ക നിലനിൽക്കുമ്പോൾ എല്ലാവരെയും ഫാഷിസ്റ്റ് വിരുദ്ധ ചേരിയിൽ ഐക്യപ്പെടുത്തുന്നതിനു പകരം ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന നിലപാട് സിപിഎം നേതൃത്വം തിരുത്തണമെന്നും ഫൈസി ആവശ്യപ്പെട്ടു. കേരളത്തിലെന്നല്ല, ഇന്ത്യയിലെമ്പാടും ബിജെപിക്കെതിരേ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട്. ബിജെപിയെ തടയാൻ ഫാഷിസ്റ്റ് വിരുദ്ധരായ വോട്ടർമാർ സിപിഎമ്മിനെ പരിഗണിക്കാനുള്ള എന്ത് ദേശീയ പ്രാധാന്യമാണ് സിപിഎമ്മിനുള്ളതെന്ന് കോടിയേരി വിശദീകരിക്കണം. കേരളത്തിലെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിനോട് അന്ധമായ വിരോധം വെച്ച് പുലർത്തുന്നവരല്ലെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പോലും തെളിയിച്ചിട്ടുണ്ട്. അപ്പോൾ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെതിരായ നിലപാടെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുന്നതിന് പകരം എസ്ഡിപിഐയെ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് അബ്ദുൾ മജീദ് ഫൈസി ആരോപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത