മന്ത്രിസഭായോഗ തീരുമാനങ്ങൾ
കണ്ണൂരാൻ വാർത്ത

ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി ഏകീകരണം നടപ്പാക്കും

സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രൊഫ. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരം ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കഷണല്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

വിദഗ്ധ സമിതി ശുപാര്‍ശകള്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടം 2019-20 അധ്യയനവര്‍ഷം തന്നെ നടപ്പാക്കാന്‍ തുടങ്ങും. ഇതിന്‍റെ ഭാഗമായി നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍സെക്കന്‍ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ഡയറക്ടറേറ്റ് എന്നീ മൂന്നു ഡയറക്ടറേറ്റുകളെയും യോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യുക്കേഷന്‍ രൂപീകരിക്കും. ഐ.എ.എസ് കാഡറിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്‍റെ ചുമതല.

ഇപ്പോള്‍ ഡി.പി.ഐ, ഡി.എച്ച്.എസ്.ഇ,  ഡി.വി.എച്ച്.എസ്.ഇ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു എന്നിവ ഉള്‍പ്പെടെയുള്ള പൊതു പരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യുക്കേഷനെ പരീക്ഷാ കമ്മീഷണറായി നിയമിക്കും.

എല്‍.പി., യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗങ്ങള്‍ നിലവിലുള്ളതുപോലെ തുടരും. ഈ വിഭാഗങ്ങള്‍ ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യുക്കേഷന്‍റെ പരിധിയിലായിരിക്കും. മേഖല, ജില്ല, ഉപജില്ലാതലത്തിലുള്ള ആര്‍.ഡി.ഡി, എ.ഡി, ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നീ ഓഫീസ് സംവിധാനങ്ങള്‍ നിലവിലുള്ളതുപോലെ തുടരും.

ഹയര്‍സെക്കന്‍ററിതലം വരെയുള്ള സ്ഥാപനത്തിന്‍റെ മേധാവി പ്രിന്‍സിപ്പലായിരിക്കും. നിലവിലുള്ള ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പാള്‍ ആകും. സ്കൂളിന്‍റെ പൊതു ചുമതലയും ഹയര്‍സെക്കന്‍ററി വിഭാഗത്തിന്‍റെ അക്കാദമിക് ചുമതലയും പ്രിന്‍സിപ്പാള്‍ വഹിക്കും.

ഹൈസ്കൂളിന്‍റെ നിലവിലുള്ള ഓഫീസ് സംവിധാനം ഹയര്‍സെക്കന്‍ററിക്കു കൂടി ബാധകമായ രീതിയില്‍ പൊതു ഓഫീസായി മാറും. ശമ്പളവിതരണത്തിന് ഏകീകൃത സംവിധാനം വരുന്നതുവരെ നിലവിലുള്ള സംവിധാനം തുടരും.

ഹയര്‍സെക്കന്‍ററി ഇല്ലാത്ത സ്കൂളുകളില്‍ നിലവിലുള്ള സമ്പ്രദായം അതേപടി തുടരും. ഏകീകരണവുമായി ബന്ധപ്പെട്ട് സമഗ്രമായ സ്പെഷ്യല്‍ റൂള്‍ ഉണ്ടാക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മെയ് 31-ന് വിരമിക്കുന്ന കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ എം.പി. ദിനേശിനെ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ തസ്തികയില്‍ പുനര്‍നിയമന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനും കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായിരുന്ന എരഞ്ഞോളി മൂസയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

പാലക്കാട് സ്പെഷ്യല്‍ സബ് ജയില്‍ ജില്ലാ ജയിലായി ഉയര്‍ത്തുന്നതിനും മലമ്പുഴയില്‍ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.  ഇതിനു വേണ്ടി 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 5 തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങള്‍ക്കും ഓണറേറിയവും സിറ്റിംഗ് ഫീസും അനുവദിക്കുന്നതിന് 1978-ലെ ഗുരുവായൂര്‍ ദേവസ്വം ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

ഔഷധിയിലെ മാനേജര്‍ (ക്വാളിറ്റി കണ്‍ട്രോള്‍), ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ താലൂക്കില്‍ മുളയം വില്ലേജില്‍ സര്‍ക്കാര്‍ വക അമ്പത് സെന്‍റ് ഭൂമി വീടു നിര്‍മാണത്തിന് സജ്ജീകരിക്കുന്നതിന് ഇരുപത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഇവിടെ 16 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് ഫൈസല്‍ ആന്‍റ് ഷബാന ഫൗണ്ടേഷന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗങ്ങളായി 5 പേരെ നിയമിക്കാന്‍ തീരുമാനിച്ചു. അഡ്വ. ബി. രാജേന്ദ്രേന്‍, കെ. ദിലീപ് കുമാര്‍ (പൊതുവിഭാഗം), പി.വസന്തം (വനിതാ വിഭാഗം), വി. രമേശന്‍ (പട്ടികജാതി വിഭാഗം), എം. വിജയലക്ഷ്മി (പട്ടികവര്‍ഗ്ഗ വിഭാഗം).

പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ നിയമിതരായ അധ്യാപകരില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

മത്സ്യബന്ധന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്‍റ് സൊസൈറ്റിയിലെ ശമ്പളവും അലവന്‍സുകളും പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത