അനിയത്തികുട്ടിക്ക് ഒരു ലക്ഷം ഭൂരിപക്ഷം :വിവാദങ്ങൾ വിജയിപ്പിച്ചെടുത്തു
കണ്ണൂരാൻ വാർത്ത



uploads/news/2019/05/310116/remya-haridas.jpg

എല്‍ഡിഎഫ് കോട്ടയില്‍ വന്‍ ലീഡുമായി യു.ഡി.എഫിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥി കുതിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. സംസ്ഥാനത്ത് സി.പി.എമ്മിന് വന്‍ നാണക്കേടായി മാറിയിരിക്കുകയാണ് ആലത്തൂരിലെ രമ്യാ ഹരിദാസിന്റെ വന്‍ വിജയം.

ആലത്തൂരിലെ ആറ് നിയമ സഭാ മണ്ലങ്ങളിലും ഇടതിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നിരിക്കെയാണ് രമ്യ ഇവിടെ പാട്ടും പാടി ജനവിധി സ്വന്തമാക്കിയിരിക്കുന്നത്. ഉറച്ച സീറ്റെന്ന വിലയിരുത്തിയ ആലത്തൂര്‍ കൈവിട്ടത് എല്‍ഡിഎഫിന് സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയാണ്.

വെറും 43 വോട്ടിന് അനില്‍ അക്കര വടക്കാഞ്ചേിയില്‍ ജയിച്ചു എന്നത് മാത്രമായിരുന്നു ഇവിടെ ആകെയുണ്ടായിരുന്ന യു.ഡി.എഫ് നേട്ടമെന്നിരിക്കെയാണ് ഈ തകര്‍പ്പന്‍ ജയം.

സി.പി.എമ്മിനു ശക്തമായ കേഡര്‍ സംവിധാനമുള്ള മണ്ഡലം. രണ്ടു മന്ത്രിമാര്‍. ചിറ്റൂരില്‍ കെ. കൃഷ്ണന്‍കുട്ടി, തരൂരില്‍ എ.കെ. ബാലന്‍ എന്നിട്ടും പുതുമുഖമായി കടന്നുവന്ന രമ്യയ്ക്ക് ജനഹൃദയങ്ങളില്‍ തന്റെ ചിത്രം പതിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ചില്ലറക്കാര്യമൊന്നുമല്ല.

എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയ ഡല്‍ഹി നിവാസിയായ പി.കെ. ബിജുവിന് ആലത്തൂരിലെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഇല്ല എന്നത് വാസ്തവം. അദ്ദേഹത്തെ മണ്ഡലത്തില്‍ കാണാനേയില്ല എന്നതുകൊണ്ടു തന്നെ സി.പി.എമ്മിന്റെ പ്രദേശിക നേതൃത്വത്തിനും ആദ്യം താല്പര്യമില്ലായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശബരിമല ഭക്തരുള്ള സ്ഥലമാണ് ആലത്തൂര്‍. ഒപ്പം പിണറായി വിരുദ്ധ വികാരവും ഇവിടെ അലയടിച്ചിരുന്നു എന്നതും രമ്യയ്ക്ക് തുണയായി.

സ്ത്രീകളുടെ വോട്ടുകള്‍ തന്നെയാണ് രമ്യയുടെ വിജയത്തിന് മാറ്റുകൂട്ടിയത്. ശബരിമല വിഷയത്തില്‍ സ്ത്രീ വികാരം ആലത്തൂരില്‍ വോട്ടിന്റെ രൂപത്തിലേയ്ക്ക് മാറി.

വെറും ബ്ലോക്ക് തലത്തില്‍ മാത്രം അറിയപ്പെിരുന്ന രമ്യ ഹരിദാസിനെ ദീപാ നിശാന്തും വിജയരാഘവനും ഉള്‍പ്പെടെയുള്ളവര്‍ അതി പ്രശസ്തയാക്കുകയായിരുന്നു. വോട്ടര്‍മാരെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളുടെ വിജയം കൂടിയാണ് ഇത്.

പി കെ ബിജു എന്ന മികച്ച സ്ഥാനാര്‍ത്ഥിക്കെതിരെ കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയപ്പോള്‍ നെറ്റി ചുളിച്ചവരാണ് അധികപേരും.

എന്നാല്‍, പ്രചാരണം ഉഷാറായതോടെ മണ്ഡലത്തിലെ ജനമനസുകളിലേക്ക് രമ്യ ഇടിച്ച് കയറുകയായിരുന്നു. ആലത്തൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിക്കുള്ള കാരണം പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കണമെന്ന് ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജു പരാജയം ഉറപ്പായതോടെ പ്രതികരിച്ചത്.

പാലക്കാടും തൃശൂരും ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ മണ്ഡലം. ഇവിടുത്തെ ഇടത് കോട്ടകള്‍വരെ തൂത്തുവാരിയാണ് രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നത്. ഇടതുപക്ഷത്തെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന തരൂര്‍, ചിറ്റൂര്‍ മേഖലകളില്‍ വരെ രമ്യ ഹരിദാസ് മുന്നിലെത്തി.

പ്രചാരണ സമയത്ത് നിരവധി വിവാദങ്ങളാണ് രമ്യ ഹരിദാസിനെ ചുറ്റിയുണ്ടായത്. ഇടത് കണ്‍വീനര്‍ എ വിജയരാഘവന്‍ രമ്യയ്ക്ക് എതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വന്‍ വിവാദമായിരുന്നു. നിയമനടപടി സ്വീകരിച്ച രമ്യയോട് പിന്നീട് വിജയരാഘവന്‍ ഖേദപ്രകടനവും നടത്തി.

കവിത കോപ്പിയടിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ക്ഷമാപണം നടത്തിയ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിശാന്തും രമ്യ ഹരിദാസിന് എതിരെ പരാമര്‍ശം നടത്തിയിരുന്നു. പൊതുവേദികളില്‍ പാട്ടുപാടുന്ന രമ്യയെ പരിഹസിച്ചാണ് ദീപ നിശാന്ത് വിവാദമുണ്ടാക്കിയത്. ഈ വിഷയത്തിലും ദീപ നിശാന്തിന് എതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത